
"എസ് ഐ ടി അന്വേഷണത്തിന്റെ മറവിൽ നടന്ന ക്ഷേത്രവിരുദ്ധ പ്രചാരണം തടയാൻ ഗവണ്മെന്റിന് കഴിഞ്ഞില്ല. അത്തരം കുപ്രചാരണം ആരംഭിച്ചപ്പോൾ തന്നെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കണമായിരുന്നു. പക്ഷെ അതുണ്ടായില്ലെന്ന് മാത്രമല്ല ക്ഷേത്രവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് ഗവണ്മെന്റ് വഴങ്ങുകയാണ് ചെയ്തത്. വ്യാജവാർത്തകൾ വ്യാപകമായി പ്രചരിച്ചു. രാജ്യമൊട്ടാകെയുള്ള ആളുകളുടെ മനസ്സിൽ സംശയം ഉടലെടുക്കാൻ അത് കാരണമായിത്തീർന്നു. ഭക്ത ജനങ്ങളുടെ വികാരം വൃണപ്പെടുകയും ചെയ്തു. ദിവസങ്ങളോളം കുഴിയെടുത്ത് പരിശോധിച്ചിട്ടും മൃതദേഹങ്ങൾ മറവു ചെയ്തതിന്റെ തെളിവുകൾ കിട്ടിയില്ല. ഉപമുഖ്യമന്ത്രി തന്നെ ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സമ്മതിച്ചു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് മാപ്പുപറയണം " ധർമ്മസ്ഥലയിലേക്ക് പ്രതിനിധി സംഘത്തെ നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് ബി. വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു. പ്രതിനിധിസംഘം ക്ഷേത്രത്തിൽ പൂജ നടത്തുകയും ധർമ്മാധികാരി വീരേന്ദ്ര ഹെഗ്‌ഗാഡെയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എം പിമാരും എം എൽഎമാരും ഉൾപ്പെടെ മുപ്പതോളം ജനപ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു. ബിജെപി പ്രശ്നം രാഷ്ട്രീയവൽക്കരിക്കുകയാണെന്നുള്ള മന്ത്രി ഈശ്വർ ഖന്ദ്രെയുടെ ആരോപണം വിജയേന്ദ്ര തള്ളി. " എസ് ഐ ടി അന്വേഷണത്തെ ഞങ്ങൾ സ്വാഗതം ചെയ്തിരുന്നു. എന്നാൽ അതോടൊപ്പം ക്ഷേത്ര വിരുദ്ധ പ്രചാരണം ആരംഭിച്ചതിനെയാണ് ചോദ്യം ചെയ്തത്. ഇടതുപക്ഷ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് എസ് ഐ ടി അന്വേഷണം പ്രഖ്യാപിച്ചതെന്ന് ധർമ്മസ്ഥല ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേഷ് ഗുണ്ടുറാവു സമ്മതിച്ചിരുന്നു" വിജയേന്ദ്ര വ്യക്തമാക്കി. ക്ഷേത്രത്തെ കളങ്കപ്പെടുത്താൻ ഇറങ്ങിത്തിരിച്ച അർബൻ നക്സലുകളെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക് കുറ്റപ്പെടുത്തി. ധർമ്മസ്ഥലയിലെ എസ് ഐ ടി അന്വേഷണത്തിന്റെ പുരോഗതിയെ പറ്റി ആഭ്യന്തര മന്ത്രി ഡോക്ടർ ജി പരമേശ്വര ഇന്ന് നിയമസഭയിൽ വിശദീകരിക്കും.
Photo Courtesy - Google











